പദ്ധതികൾ

സംരംഭകത്വ സഹായ പദ്ധതി (ഇ. എസ്. എസ്.)

ഉല്പാദന മേഖലയിലുളള സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നൽകുന്നു.

01.04.2012 മുതൽ പുതിയതായി ഉല്പാദനം ആരംഭിച്ചിട്ടുളള സംരംഭങ്ങൾക്കും വിപുലീകരണം, വൈവിധ്യവൽക്കരണം എന്നിവ നടത്തിയിട്ടുളള സംരംഭകർക്കും അപേക്ഷിക്കാം.

നിശ്ചിത ഫീസ് ഒടുക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

1. സ്റ്റാര്‍ട്ട്അപ്പ് സപ്പോര്‍ട്ട്

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് നിക്ഷേപ സഹായത്തിന്റെ 50% (പരമാവധി 3 ലക്ഷം രൂപ) സ്ഥാപനം ആരംഭിക്കുന്നതിന് മുമ്പായി നൽകുന്നു.

2. നിക്ഷേപ സഹായം

ജനറൽ വിഭാഗം - സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15% (പരമാവധി 20 ലക്ഷം രൂപ) സഹായം

വനിത/ എസ്.സി/ എസ്.ടി/ യുവ സംരംഭകർ - സ്ഥിര മൂലധന നിക്ഷേപത്തിന്റെ 20% (പരമാവധി 30 ലക്ഷം രൂപ) സഹായം

മുൻഗണനാ വിഭാഗത്തിൽപ്പടുന്ന വ്യവസായങ്ങൾ - സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% (പരമാവധി 10 ലക്ഷം രൂപ) അധിക സഹായം നൽകുന്നു

പിന്നോക്ക ജില്ലകളിലെ സംരംഭങ്ങൾ - സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% ( പരമാവധി 10 ലക്ഷം രൂപ) അധിക സഹായം നൽകുന്നു

3. സാങ്കേതിക വിദ്യാ സഹായം

സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും സാങ്കേതിക വിദ്യ കരസ്ഥമാക്കിയിട്ടുളള സ്ഥാപനങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 10% അധിക സബ്സിഡി നൽകുന്നു (പരമാവധി 10 ലക്ഷം രൂപ).

നാനോ സംരംഭങ്ങൾക്കുളള സഹായ പദ്ധതി

നാനോ സംരംഭങ്ങൾ സ്ഥിര മൂലധന നിക്ഷേപം 5 ലക്ഷത്തിൽ താഴെയുളളതും വൈദ്യുതി ലോഡ് 5 എച്ച്പി വരെയുളളതും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ വരുന്നതുമായ ഉൽപാദന സംരംഭങ്ങൾ.

നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയിൽ സംരംഭകർ അടച്ച പലിശയ്ക്ക് 6% മുതൽ 8% താങ്ങ് പലിശയായി തുടർച്ചയായി 3 വർഷം തിരികെ നൽകുന്നു.

പൊതു വിഭാഗത്തിന് 6%, വനിത/ എസ്.സി/ എസ്.ടി വിഭാഗത്തിന് 8% പലിശ സബ്സിഡി.

പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പി. എം. ഇ. ജി. പി.)

തൊഴിലും ഉൽപാദനവും വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുളള പദ്ധതിയാണ് പി. എം. ഇ. ജി. പി. ഉൽപാദന മേഖലയിൽ 25 ലക്ഷം വരെയും സേവന മേഖലയിൽ 10 ലക്ഷം രൂപ വരെയും പരമാവധി പദ്ധതിചെലവ് വരുന്ന പുതിയ സംരംഭങ്ങൾ ഈ പദ്ധതിയിലൂടെ വായ്പാബന്ധിതമായി ആരംഭിക്കാം. അപേക്ഷയും അനുബന്ധ രേഖകളും www.kviconline.gov.in എന്ന വെബ് സൈറ്റിലൂടെ സമർപ്പിക്കാം. ജില്ലാ വ്യവസായ കേന്ദ്രം, കെ. വി. ഐ. സി എന്നിവ മുഖേന ഈ പദ്ധതി നടപ്പിലാക്കുന്നു.

പൊതു വിഭാഗത്തിന് സ്വന്തം മുതൽമുടക്ക് 10% വും, സബ്സിഡി നിരക്ക് നഗരങ്ങളിൽ 15% വും, ഗ്രാമങ്ങളിൽ 25% വുമാണ്.

പ്രത്യേക വിഭാഗത്തിന് (പട്ടികജാതി/ പട്ടിക വർഗ്ഗം/ മറ്റ്പിന്നോക്കവിഭാഗം/ ന്യൂനപക്ഷം/ സ്ത്രീകൾ/ വിമുക്തഭടൻമാർ/ ഭിന്നശേഷിക്കാർ) സ്വന്തം മുതൽമുടക്ക് 5% വും, സബ്സിഡി നിരക്ക് നഗരങ്ങളിൽ 25% വും, ഗ്രാമങ്ങളിൽ 35% വുമാണ്.

അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം

വരുമാന പരിധി ബാധകമല്ല

10 ലക്ഷത്തിൽ കൂടുതലുളള ഉല്പാദന സംരംഭങ്ങൾക്കുമ, 5 ലക്ഷത്തിൽ കൂടുതലുളള സേവന സംരംഭങ്ങൾക്കും സംരംഭരകർ 8ാം ക്ലാസ്സ് പാസ്സായിരിക്കണം.

വ്യക്തികൾക്ക് പുറമേ സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കും അപേക്ഷിക്കാം.

വായ്പ ലഭിക്കുന്നതിന് അപേക്ഷകർ 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം നേടണം.

കയർ പ്രൊജക്ടുകൾക്കും ഈ പദ്ധതി വഴി അപേക്ഷിക്കാം.

പി.എം.ഇ.ജി.പി/ മുദ്ര യൂണിറ്റുകളുടെ വിപുലീകരണം

പി.എം.ഇ.ജി.പി/ മുദ്ര പദ്ധതിപ്രകാരം നിലവിലുളള സംരംഭങ്ങൾക്ക് വിപുലീകരണത്തിന് അപേക്ഷിക്കാം.

സബ്സിഡി തുക അഡ്ജസ്റ്റ് ചെയ്ത ശേഷം സ്ഥാപനത്തിന്റെ വിപുലീകരണത്തിന് അധിക വായ്പ നൽകുന്നു.

ഉല്പാദനമേഖലയിൽ ഒരു കോടി വരെയും സേവന മേഖലയിൽ 25 ലക്ഷം രൂപ വരെയും മുതൽമുടക്കുവരുന്ന വിപുലീകരണത്തിനുളള പ്രൊജക്ടുകൾക്ക് അപേക്ഷിക്കാം.

കേരള സ്ട്രെസ്സ്ഡ് എം. എസ്. എം. ഇ. യുടെ റിവൈവൽ ആൻഡ് റീഹാബിലിറ്റേഷൻ സ്കീം

തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് അവയുടെ ഉൽപാദനരഹിതമായ ആസ്തികളെ ഉൽപാദന ആസ്തികളാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ വരെ സാമ്പത്തിക സാമ്പത്തിക സഹായവും മറ്റ് കൈതാങ്ങ് സഹായവും നൽകുന്നു.

നിലവിലുളള ബാങ്ക് വായ്പ പുനക്രമീകരിച്ച് ബാങ്ക് നൽകുന്ന അധിക വായ്പയ്ക്ക് ആവശ്യമായ ഗുണഭോക്തൃ വിഹിതത്തിന്റെ 50% പരമാവധി 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായമായി നൽകുന്നു.

വിദഗ്ദ സമിതി ശുപാർശ ചെയ്തിട്ടുളള പുനരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ ബാങ്ക് നൽകുന്ന അധിക വായ്പയിൽ ആദ്യ വർഷം 6% പലിശ സബ്സിഡിയായി പരമാവധി 1 ലക്ഷം രൂപ നൽകുന്നു.

പുനപ്രവർത്തന സഹായമായി ധനകാര്യ സ്ഥാപനത്തിന്റെ വായ്പാസഹായമില്ലാതെ, പുനരുദ്ധാരണ പദ്ധതിരേഖയുടെ അടിസ്ഥാനത്തിൽ വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന പ്രകാരം അധികമായി വാങ്ങുന്ന മെഷീനറികളുടെ വിലയുടെ 52% പരമാവധി 1.50 ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുന്നു.

നിലവിലുളള മെഷീനറികളുടെയും കെട്ടിടത്തിന്റെയും അടിയന്തിര അറ്റകുറ്റ പണികൾക്കുളള ചെലവിന്റെ 5% പരമാവധി 1 ലക്ഷം രൂപ തിരിച്ചുനൽകുന്നു.

കെ.എസ്.ഇ.ബി, ജിഎസ്.ടി, എക്സൈസ്, മലിനീകരണ നിയന്ത്രണബോർഡ് തുടങ്ങിയ ഏജൻസികളിൽ നിലവിലുളള കുടിശ്ശിക തീർക്കുന്നതിന് 50% പരമാവധി 40,000/- രൂപ സഹായം നൽകുന്നു.

പുനരുദ്ധാരണ പദ്ധതിരേഖ തയ്യാറാക്കുന്നതിനുളള ചെലവിന്റെ 100% (ഒരു യൂണിറ്റിന് പരമാവധി 10,000/- രൂപ) തിരികെ നൽകുന്നു.

വാഴ്സിറ്റി ലിങ്കേജ് സ്കീം

ഒരു വ്യവസായ സ്ഥാപനത്തിന്റെ സാങ്കേതികവും വാണിജ്യപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ ഉൽപന്നങ്ങൾ രൂപപ്പെടുത്തുന്നതിനും യൂണിവേഴ്സിറ്റി/ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്/ എഞ്ചിനീയറിംഗ് കോളേജ് മുതലായവയുടെ സേവനം ഉപയോഗപ്പെടുത്തുന്ന പദ്ധതി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടപെടലിനായി തയ്യാറാക്കുന്ന പ്രൊജക്ടിന്റെ 50% തുക വ്യവസായ വാണിജ്യ വകുപ്പും 50% സംരംഭകനും നൽകുന്നു. വ്യവസായ സ്ഥാപനങ്ങൾ സേവനദാതാവിനെക്കൊണ്ട് പ്രൊജക്ട് തയ്യാറാക്കണം.

പ്രളയ പുനരുദ്ധാരണ പദ്ധതികൾ

1. ഇന്ററസ്റ്റ് സബ് വെൻഷൻ

പ്രളയ ബാധിതമായ വ്യവസായ യൂണിറ്റുകൾക്ക് പുനരുദ്ധാരണത്തിന്റെ ഭാഗമായി എടുത്ത ടേംലോൺ/ വർക്കിംഗ് ക്യാപ്പിറ്റൽ ലോണിൽ സംരംഭർ അടച്ച പലിശ 8% താങ്ങ് പലിശയായി തിരിച്ച് നൽകുന്നു. 3 വർഷം വരെ ഈ ആനുകൂല്യം ലഭിക്കും.

2. ഫ്ലഡ് റീബിൽഡ് സ്കീം

സ്റ്റാർട്ട് അപ്പ് സപ്പോർട്ട് - പുനരുദ്ധാരണ പ്രൊജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടേം ലോൺ സാംങ്ഷൻ ചെയ്ത വ്യവസായ സ്ഥാപനങ്ങൾക്ക് അർഹമായ സബ്സിഡിയുടെ 50% തുക പരമാവധി 5 ലക്ഷം രൂപ പ്രാരംഭഘട്ടത്തിൽ ധനസഹായമായി നൽകുന്നു.

ഇൻവെസ്റ്റ്മെന്റ് സപ്പോർട്ട് - പുനരുദ്ധാരണത്തിന്റെ ഭാഗമായുളള സ്ഥിര മൂലധന നിക്ഷേപത്തിന്റെ 15% മുതൽ 40% വരെ തുക സബ്സിഡിയായി നൽകുന്നു. പൊതു വിഭാഗത്തിന് പരമാവധി 20 ലക്ഷം രൂപയും പ്രത്യേക വിഭാഗങ്ങൾക്ക് പരമാവധി 30 ലക്ഷം രൂപയും ധനസഹായമായി നൽകുന്നു. ഊന്നൽ വ്യവസായങ്ങൾ, പിന്നോക്ക ജില്ലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അധികമായി 10% സബ്സിഡി ലഭിക്കുന്നു.

സംരംഭകത്വ വികസന ക്ലബ്ബുകൾ (ഇ. ഡി. ക്ലബ്ബുകൾ)

വിദ്യാർത്ഥികളുടെ ഇടയിൽ സംരംഭകത്വം വളർത്തുന്നതിനും, വ്യവസായ മേഘലയുടെ വളർച്ചയെപ്പറ്റി യുവതലമുറയെ ബോധ്യമുളളവരാക്കുന്നതിനുമുളള പദ്ധതി.

കോളേജുകൾ, ഹയർ സെക്കണ്ടറി സ്കൂൾ/ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ, പോളിടെക്നിക്ക്, ഐ.റ്റി.ഐ എന്നിവിടങ്ങളിൽ ക്ലബ്ബ് ആരംഭിക്കാവുന്നതാണ്.

ക്ലബ്ബിൽ ഏറ്റവും കുറഞ്ഞത് 25 അംഗങ്ങൾ വേണം.

ഒരു സാമ്പത്തിക വർഷം 20,000/- രൂപ രണ്ടു ഗഡുക്കളായി നൽകുന്നു.

ക്ലബ്ബുകൾ വഴി ബോധവൽക്കരണ ക്ലാസ്സുകൾ, ക്ലിനിക്കുകൾ, വ‍ർക്ക്ഷോപ്പ്, ചർച്ച മുതലായവ സംഘടിപ്പിക്കാം.

മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് ക്ലസ്റ്റർ ഡെവലപ്മെന്റ് പ്രോഗ്രാം (എം. എസ്. ഇ സി. ഡി. പി)

ഒരു പ്രദേശത്ത് കേന്ദ്രീകരിച്ചിട്ടുളള ഒരേ സാധ്യതകൾ ഉളളതും സമാനമായ വെല്ലുവിളികൾ നേരിടുന്നതുമായ സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിച്ച് അവയെ ആഗോള വിപണിക്ക് പ്രാപ്തമാക്കുന്നതിനുളള പദ്ധതി.

70:20:10 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന-ഗുണഭോക്തൃ വിഹിതത്തോടെ പൊതുസേവന കേന്ദ്രങ്ങള്‍, റോമെറ്റീരിയല്‍ ബാങ്ക് തുടങ്ങിയവ സജ്ജമാക്കുന്നു.

ആശ (അസ്സിസ്റ്റൻസ് സ്കീം ഫോർ ഹാൻഡിക്രഫ്ട് ആർട്ടിസാൻസ്)

കരകൗശല മേഖലയിലുളള വിദഗ്ധ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നു.

സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥിര മൂലധന നിക്ഷേപത്തിന്റെ 40% മുതല്‍ 50% സബ്സിഡിയായി നല്‍കുന്നു.

ജനറൽ വിഭാഗം - സ്ഥിര മൂലധന നിക്ഷേപത്തിന്റെ 40% (പരമാവധി 2 ലക്ഷം രൂപ) സഹായം.

വനിത, എസ്. സി/ എസ്. ടി. യുവ സംരംഭകര്‍ - സ്ഥിര മൂലധന നിക്ഷേപത്തിന്റെ 50% (പരമാവധി 3 ലക്ഷം രൂപ) സഹായം.

അപേക്ഷകന്‍ കരകൗശല വിദഗ്ദ്ധ തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്തിരിക്കണം.

കൈത്തറി മേഖലയിലെ വിവിധ പദ്ധതികള്‍

സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി - കെെത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്കൂളുകളിലെ 1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് എല്ലാ വര്‍ഷവും 2 ജോഡി സ്കൂള്‍ യൂണിഫോം സൗജന്യമായി നല്‍കുന്നു.

സ്വയം തൊഴില്‍ പദ്ധതി - പത്താം ക്ലാസ്സ് പാസ്സായവരും കൈത്തറി മേഖലയില്‍ പരിചയ സമ്പന്നരുമായിട്ടുളളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതി ചെലവിന്റെ 40% പരമാവധി 4 ലക്ഷം രൂപ സ്ഥിര നിക്ഷേത്തിന്റെയും പ്രവര്‍ത്തന മൂലധനത്തിന്റെയും അടിസ്ഥാനത്തില്‍ മാര്‍ജിന്‍മണി ധനസഹായമായി നല്‍കിവരുന്നു.

യുവ വീവ് - കൈത്തറി നെയ്ത്ത് മേഖലയില്‍ 18-40 വയസ്സ് വരെ പ്രായമുളള നെയ്ത്തില്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത യുവതി യുവാക്കളെ കണ്ടെത്തി പരിശീലനം നല്‍കി നെയ്ത്തുകാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി 3 മാസം സ്റ്റൈഫന്റോടുകൂടി സൗജന്യ പരിശീലനം നല്‍കുകയും തുടര്‍ന്ന് വേജ് സപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു.

ഉല്പാദന പ്രചോദന പരിപാടി - ഒരു ദിവസം സര്‍ക്കാര്‍ നിശ്ചിത അളവില്‍ അധികമായി ജോലി ചെയ്യുന്ന കൈത്തറി തൊഴിലാളികള്‍ക്ക് നെയ്യുന്ന അധിക മീറ്ററിന് ഇരട്ടി വേതനം നല്‍കുന്നു.

അംശദാന മിതവ്യയ പദ്ധതി - കൈത്തറി മേഖലയിലെ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും പ്രോത്സാഹനത്തിനും വേണ്ടിയുളള പദ്ധതി നെയ്ത്ത് തൊഴിലാളിയുടെ കൂലിയുടെ 8% തുക ഇതിലേക്കായി ഈടാക്കുകയും അത്രതന്നെ തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്യുന്നു.

ഒരു വീട്ടില്‍ ഒരു തറി - സ്വന്തമായി തറി ഇല്ലാത്തതും എന്നാല്‍ നെയ്ത്തില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉളള ഒരാള്‍ക്ക് നെയ്ത്ത് ആരംഭിക്കുവാന്‍ പുതിയ തറി വാങ്ങുന്നതിനായി തറി വിലയുടെ 75% പരമാവധി 40000/- രൂപ ധനസഹായമായി സര്‍ക്കാര്‍ നല്‍കുന്നു.

സാമ്പത്തിക താങ്ങല്‍ പദ്ധതി (ഇന്‍കം സപ്പോര്‍ട്ട് സ്കീം) - ഒരു ദിവസം 75 രൂപയ്ക്കും 150 രൂപയ്ക്കും ഇടയില്‍ വരുമാനം ലഭിക്കുന്ന നെയ്ത്ത് തൊഴിലാളികള്‍ക്ക് അവരുടെ ദിവസവേതനം 150 രൂപയായി വര്‍ദ്ധിപ്പിച്ചു നല്‍കുന്ന പദ്ധതി.

കെസ്വിഫ്റ്റ്

വിവിധ വകുപ്പുകളിൽ നിന്നും ആശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ അനുമതികൾ എന്നിവ ലഭിക്കുന്നതിന് www.kswift.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈനായി ഫീസ് അടയ്ക്കുവാനുളള സൗകര്യമുണ്ട്. സമയബന്ധിതമായി അപേക്ഷകൾ തീർപ്പാക്കുന്നു.